20 വര്‍ഷം ചുറ്റുമുള്ളതൊന്നും കേള്‍ക്കാതിരുന്ന ഇറാഖി പൗരന്റെ കേള്‍വിശക്തി ഇരട്ട ശസ്ത്രക്രിയയിലൂടെ തിരിച്ചുനല്‍കി

20 വര്‍ഷം ചുറ്റുമുള്ളതൊന്നും കേള്‍ക്കാതിരുന്ന ഇറാഖി പൗരന്റെ കേള്‍വിശക്തി ഇരട്ട ശസ്ത്രക്രിയയിലൂടെ തിരിച്ചുനല്‍കി ഹരിയാനയിലെ ഗുരുഗ്രാമിലെ സി.കെ ബിര്‍ല ആശുപത്രിയിലെ ഡോക്ടർമാർ. ഇരുചെവിയിലെയും ഇയര്‍ഡ്രമ്മിനുള്ള തകരാർ പരിഹരിച്ച് കേൾവിശക്തി വീണ്ടെടുക്കാനാണ് 45 വയസ്സുകാരനായ ഇറാഖി പൗരന്‍ ഇറാഖില്‍നിന്ന് ഗുരുഗ്രാമിലെ ആശുപത്രിയിലെത്തിയത്. ഏറെക്കാലമായുള്ള കേള്‍വി പ്രശ്‌നമായതിനാല്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പോലുള്ള സാധാരണ പരിഹാരമാര്‍ഗം പ്രായോഗികമായിരുന്നില്ല. തുടര്‍ന്ന് ടിമ്പനോപ്ലാസ്റ്റി ശസ്ത്രക്രിയ സ്വീകരിക്കുകയായിരുന്നു. ചെവിക്കല്ലുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ ആണിത്. ഒപ്പം ചെവിക്കുപുറത്ത് പ്രത്യേക ബൈപ്പാസ് ശസ്ത്രക്രിയയും നടത്തി. രണ്ടുശസ്ത്രക്രിയകളും വിജയമായതായി നേതൃത്വം നല്‍കിയ ഡോ.അനീഷ് ഗുപ്ത വ്യക്തമാക്കി. കേള്‍വി ചികിത്സയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഏറ്റവും നൂതന ശസ്ത്രക്രിയയാണിതെന്നും അദ്ദേഹം പറഞ്ഞു. രോഗി ഉടന്‍ ആശുപത്രി വിടുമെന്നും അധികൃതർ വ്യക്തമാക്കി.