നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയിലെത്തി സ്ത്രീകള്‍ തട്ടിയെടുത്ത നവജാത ശിശുവിനെ കണ്ടെത്തി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പൊലിസ് വീണ്ടെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ നിര്‍ണായകമായത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ മൂന്ന് സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ മനുഷ്യക്കടത്ത് മാഫിയയുടെ ഭാഗമാണോ എന്ന് പൊലീസ് അന്വേഷിക്കും. 26കാരിയായ ചിത്താപ്പുര്‍ സ്വദേശി കസ്തൂരി തിങ്കളാഴ്ചയാണ് കല്‍ബുര്‍ഗി ജില്ലാ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഉച്ചയോടെ തട്ടിപ്പുസംഘം നഴ്‌സിന്റെ വേഷത്തില്‍ അമ്മയ്ക്ക് സമീപത്ത് എത്തുകയും കുഞ്ഞിനെ ICU വിൽ പ്രവേശിപ്പിക്കണമെന്നും ബോധിപ്പിച്ച്, വ്യാജേനെ നവജാതശിശുവിനെ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നാതിരുന്ന കുടുംബം കുഞ്ഞിനെ കൈമാറി. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ തിരികെ കിട്ടാതിരുന്നതോടെ കുടുംബം ഡോക്ടറെ വിവരം അറിയിച്ചു. എന്നാല്‍ ആശുപത്രിയിലെ ഒരു നഴ്‌സും കുട്ടിയെ എടുത്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. കുട്ടിയെ 24 മണിക്കൂറിനകം കണ്ടെത്തിയ പൊലീസിന്റെ അന്വേഷണമികവിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.