ഗര്‍ഭകാലങ്ങളിലും, പ്രസവസമയത്തും അശാസ്ത്രീയമാര്‍ഗങ്ങള്‍ പിന്തുടരുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്. എന്നിരുന്നാലും അത്തരം മാര്‍ഗങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ ഇപ്പോഴുമുണ്ടെന്നാണ് വാസ്തവം. ഇതിനെ സാധൂകരിക്കുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ ചെന്നൈയിൽ നിന്ന് പുറത്തുവരുന്നത്. വീട്ടില്‍വെച്ച് പ്രസവിക്കുന്നതിനെ കുറിച്ചുള്ള അനുഭവങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുന്ന ഹോം ബെര്‍ത്ത് എക്‌സ്പീരിയന്‍സസ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍നിന്നുള്ള വിവരങ്ങൾ പിൻതുടർന്ന് വീട്ടില്‍വെച്ച് കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ചെന്നൈയിലെ ദമ്പതിമാര്‍. മുപ്പത്താറുകാരനായ മനോഹരനും ഭാര്യ സുകന്യയുമാണ് വീട്ടില്‍ പ്രസവം നടത്തിയത്. നവംബര്‍ 17-നാണ് സുകന്യ കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചത്. വിവരം അറിഞ്ഞ പ്രദേശത്തെ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മനോഹരനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തറിഞ്ഞത്. സുകന്യ മൂന്നാമത് ഗര്‍ഭിണി ആയപ്പോള്‍ ഇവര്‍ ആശുപത്രിയില്‍ പോയുള്ള വൈദ്യപരിശോധനകള്‍ പൂര്‍ണമായി ഒഴിവാക്കിയിരുന്നു എന്നാണ് വിവരം. അമ്മയും കുഞ്ഞും സുഖമായിരുക്കുന്നു എങ്കിലും ഇത്തരം അശാസ്ത്രീയപരമായ പ്രസവം വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.