പൊണ്ണത്തടി കാരണം ജോലി നഷ്ടപ്പെട്ടവര്‍ക്ക് അമിതവണ്ണം കുറയ്ക്കാനും ജോലിയിലേക്ക് തിരികെയെത്താനുമുള്ള അവസരമൊരുക്കാനുള്ള പുതിയ പദ്ധതി പരിചയപ്പെടുത്തി യു.കെ. സര്‍ക്കാര്‍. മൗന്‍ജാരോ എന്ന മരുന്ന് കുത്തിവെച്ച് ഭാരം കുറയ്ക്കാനുള്ള യജ്ഞത്തിന്റെ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി ചൊവ്വാഴ്ച വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ പരീക്ഷണം. മരുന്നിലൂടെ 5 വര്‍ഷത്തിനുള്ളില്‍ 3,000-ത്തോളം ജനങ്ങളുടെ അമിതവണ്ണം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 3058 കോടി രൂപയോളം മാറ്റിവെച്ചിട്ടുള്ളതായി മൗന്‍ജാരോ മരുന്നിന്റെ ഉത്പാദകരായ ഇലായ് ലില്ലി കമ്പനി തിങ്കളാഴ്ച വ്യക്തമാക്കി. ഈ പദ്ധതി ബ്രിട്ടണിലെ ജനങ്ങളുടെ ആരോഗ്യരംഗത്തെ വളരെയേറെ മെച്ചപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അധികൃതര്‍ കൂട്ടിച്ചേർത്തു.