മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകൾ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. ലോകത്ത് 60 മുതൽ 70 ശതമാനം വരെയുള്ള മസ്തിഷ്‌കജ്വരം കേസുകളിലും രോഗ സ്ഥിരീകരണം ഉണ്ടാകാറില്ല. ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) എടുത്തത്. കേസുകളുടെ എണ്ണം കൂടിയാലും ഫലപ്രദമായ ചികിത്സയിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാനാകും. അതനുസരിച്ച് അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കുള്ള മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റേറ്റ് ആർആർടി യോഗത്തിലാണ് നിർദേശം നൽകിയത്.