ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗാളിൽ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരം ആരംഭിച്ചു. ആർ.ജി.കർ മെഡിക്കൽ കോളജിൽ പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിയ 42 ദിവസത്തെ സമരം കഴിഞ്ഞമാസം 21നാണു പിൻവലിച്ചത്. ചർച്ചയിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിച്ചിട്ടില്ലെന്നും, ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് സമരം ശക്തമാക്കുന്നതെന്നു ഡോക്ടർമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. സാഗർദത്ത മെഡിക്കൽ കോളജിൽ രോഗി മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആക്രമണം നടത്തിയതാണ് വീണ്ടും സമരം തുടങ്ങാനുള്ള കാരണങ്ങളിലൊന്ന്. മെഡിക്കൽ കോളജുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും സുരക്ഷയ്ക്കായി സമിതികൾ ഉണ്ടാക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന് ഡോകട്ർമാർ പ്രതികരിച്ചു. ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ പ്രകടനം നടത്തിയ ഡോക്ടർമാർ, പ്രതിഷേധ റാലി നടത്തി.