സംസ്ഥാന സർക്കാരിന്റെ വയോജനങ്ങൾക്കുള്ള ‘വയോമിത്രം’ അവശതയിൽ എന്ന് റിപ്പോർട്ട്

65-നു മുകളിൽ പ്രായമുള്ള വയോജനങ്ങളുടെ മാനസിക, ആരോഗ്യ സംരക്ഷണ പരിപാലനത്തിനായി തുടങ്ങിയ സംസ്ഥാന സർക്കാർ പദ്ധതി വയോമിത്രം അവശതയിൽ എന്ന് റിപ്പോർട്ട്. വയോധികർക്ക് ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്നാണ് പ്രധാന പരാതി. പല മരുന്നുകളും ഇപ്പോൾ പുറത്തുനിന്നു വാങ്ങേണ്ട സ്ഥിതിയാണ്. 130 മരുന്നുകളാണ് പദ്ധതി വഴി വയോധികരിൽ എത്തിയിരുന്നത്. ഇതിൽ 50-ഓളം മരുന്നുകളാണ് വെട്ടിക്കുറച്ചത്. സാമൂഹിക സുരക്ഷാ മിഷൻ ഡോക്ടർമാരോട് ഉപദേശം തേടാതെയാണ് മരുന്നുകൾ കുറച്ചതെന്ന് പരാതിയുണ്ട്. മുൻപ് രോഗിയുടെ ആരോഗ്യസ്ഥിതിയനുസരിച്ച് ഒരു മരുന്നിന്റെ പല തരങ്ങൾ ലഭ്യമായിരുന്നു. ഇപ്പോൾ ഒരു ഇനം മരുന്ന് മാത്രമേ ഉള്ളു. പദ്ധതിക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നുകൾ മൂന്നുമാസത്തിൽ ഒരിക്കലാണ് എത്തിക്കുന്നത്. ഇവ രണ്ട് ദിവസത്തിനകം തീരും. ശ്വാസംമുട്ടലിനുള്ള ഇൻഹെയിലറും ഇൻസുലിനും ഇതിലുൾപ്പെടും. മരുന്നുകൾ തീർന്നാലും മൂന്നുമാസം കാത്തിരുന്നാൽ മാത്രമേ വീണ്ടും ലഭിക്കൂ. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി സൗജന്യ ചെക്കപ്പുകളും മറ്റു വാതിൽപ്പടി സേവനങ്ങളും വയോമിത്രം വഴി ലഭ്യമാണ്. ഇതിനുവേണ്ടി ഒരു യൂണിറ്റിന് ഒരു വണ്ടിയാണുള്ളത്. ഒരു യൂണിറ്റിന്റെ കീഴിൽ 20 ക്ലിനിക്കുകളും. പക്ഷേ പദ്ധതിയുടെ ഘടനാമാറ്റത്തിന്റെ ഭാഗമായി രണ്ട് യൂണിറ്റിന് ഒരു വണ്ടി എന്ന നിലയിലേക്ക് മാറ്റാൻ ആലോചനയുണ്ട്. രോഗികൾക്ക് കൃത്യസമയത്ത് പരിചരണം ലഭിക്കുന്നതിന് ഇത് തടസ്സമാകും. രോഗികളെ പരിപാലിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നാല് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.