സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഓരോ ചികിത്സയ്ക്കു ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിയമസഭയില്‍ കേരള ക്ലിനിക്കല്‍ സ്ഥാപനഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്ക് മറുപടിപറയവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സ്വകാര്യ ആശുപത്രികളിലെ നിരക്ക് പ്രദര്‍ശിപ്പിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമം പാസാക്കിയെങ്കിലും ചിലര്‍ കോടതിയിലെത്തി സ്റ്റേ വാങ്ങി. രോഗികളുടെ ചികിത്സാരേഖകള്‍ അവരുടെ അനുവാദത്തോടെ ഡോക്ടര്‍ക്ക് ഡിജിറ്റലായി ലഭ്യമാക്കാന്‍ ഇലക്ട്രോണിക് ഐ.ഡി. ഏര്‍പ്പെടുത്തിയപ്പോഴും ചിലര്‍ കോടതിയില്‍പ്പോയി. ഇല്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഇവ നടപ്പാവുമായിരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇ-ഹെല്‍ത്ത് പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തും. 60 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രിക്കെട്ടിടങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍കോര്‍പ്പറേഷന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.