ആറ് അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ വിജയകാരമായി പൂർത്തിയാക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേ ഹൃദ്രോഗ വിഭാഗം. ജന്മനാ ഹൃദയത്തിലുണ്ടാകുന്ന സുഷിരങ്ങളായ വലിയ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്‌സിനും, മുതിര്‍ന്നവരിലുള്ള വെന്‍ട്രികുലാര്‍ സെഫ്റ്റല്‍ ഡിഫക്ടിനും ഹൃദയത്തിന്റെ അറകളില്‍ ഉണ്ടാകുന്ന വീക്കമായ ഏട്രിയല്‍ സെപ്റ്റല്‍ അനൂറിസത്തിനും മുതിര്‍ന്നവരിലുള്ള വാല്‍വ് ശസ്ത്രക്രിയാനന്തരം ഉണ്ടാകുന്ന പാരാ വാല്‍വുലാര്‍ ലീക്കിനുമാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി രോഗികൾക്ക് ഫലപ്രദമായ ചികിത്സ നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇതാദ്യമായാണ് ഈ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുന്നത്. 28 വയസ് മുതല്‍ 57 വയസ് വരെയുള്ള ആറ് പേര്‍ക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയകള്‍ നടത്തിയത്. അതി സങ്കീര്‍ണത നിറഞ്ഞ ഈ ശസ്ത്രക്രിയകള്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് സ്വകാര്യ ആശുപത്രികളില്‍ ചെലവ് വരുന്നത്. എന്നാല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ പൂര്‍ണമായും സൗജന്യമായാണ് മെഡിക്കല്‍ കോളേജില്‍ ഇത് നിര്‍വഹിച്ചത്. അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.