കാൻസർ കേസുകളിലും അതുമൂലമുണ്ടാകുന്ന മരണത്തിലും 2022 നും 2045 നും ഇടയിൽ ഇന്ത്യയിൽ വർദ്ധനവുണ്ടാകുമെന്ന് പഠനം

കാൻസർ കേസുകളിലും അതുമൂലമുണ്ടാകുന്ന മരണത്തിലും 2022 നും 2045 നും ഇടയിൽ ഇന്ത്യയിൽ വർദ്ധനവുണ്ടാകുമെന്ന് പഠനം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ രാജ്യങ്ങളിലെ കാൻസർ കേസുകൾ, മരണങ്ങൾ, ജീവിത നിലവാരത്തിലെ മാറ്റങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫൊർമാറ്റിക്ക് ആന്റ് റിസർച്ചാണ് പഠനം നടത്തിയത്. 2020 നെ അപേക്ഷിച്ച് ഇന്ത്യയിൽ കാൻസർ കേസുകളുടെ എണ്ണത്തിൽ 12.8ശതമാനം വർദ്ധന ഉണ്ടായെന്നും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയൊഴികെയുള്ള ബ്രിക്സ് രാജ്യങ്ങളിൽ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ എന്നിവിടങ്ങളിലാണ് കൂടുതൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വായിലും ചുണ്ടിലുമാണ് പുരുഷന്മാരിൽ കൂടുതലായി കാൻസർ കാണുന്നതെന്നാണ് റിപ്പോർട്ട്. വർദ്ധിച്ചുവരുന്ന പുകവലിയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവുമാണ് വായിലെ കാൻസറിന് കാരണം. ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും സ്ത്രീകൾക്കിടയിൽ സ്തനാർബുദം വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും സ്ത്രീകളിൽ കൂടുതലും കാണപ്പെടുന്നത് സെർവിക്കൽ കാൻസറാണ്. ലോകമെമ്പാടും പുതിയതായി കണ്ടെത്തിയിരിക്കുന്ന സ്തനാർബുദ കേസുകളിൽ 33.6ശതമാനവും, മരണങ്ങളിൽ 36.9 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നാണെന്ന് ഗവേഷകർ പറയുന്നു. ഈ രാജ്യങ്ങളൊക്കെയും സുസ്ഥിരമായ സാമ്പത്തിക വളർച്ചയുടെ പാതയിലായതുകൊണ്ട് കാൻസർ നിയന്ത്രണ പദ്ധതികളും മറ്റും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുബോഴും രാജ്യത്തെ കാൻസർ അപകട സാധ്യതകളും ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയും അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.