പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ ഫർമാസികൾ നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന ഡ്രഗ്സ് കൺട്രോളറുടെ നിർദേശം ആദ്യം കോട്ടയത്ത് നടപ്പാക്കും. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നീല കവറുകൾ നൽകും. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി വേണം ആൻ്റിബയോട്ടിക്കുകൾ നൽകാൻ. സർക്കാർ ഫാർമസികൾക്കും നിയമം ബാധകമാണ്. ആന്റിബയോട്ടിക് നൽകുന്ന കവറുകൾക്ക് മുകളിൽ സീൽ പതിച്ച് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർ, എല്ലാ മെഡിക്കൽ സ്റ്റോറുകളിലും നോട്ടീസ് നൽകിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻ്റിബയോട്ടിക്കുകൾ നൽകില്ലെന്ന സ്റ്റിക്കറും അന്ന് മെഡിക്കൽ സ്റ്റോറുകളിൽ പതിപ്പിച്ചിരുന്നു.