ലഖ്‌നൗവിൽ ഡോക്ടറുടെ ഭക്ഷണത്തിൽ ക്ഷയരോഗിയുടെ കഫം കലർത്താൻ ശ്രമം. പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫം ഡോക്ടറുടെ ഭക്ഷണത്തിൽ കലർത്തിനൽകാൻ ശ്രമിച്ച രണ്ട് ആശുപത്രി ജീവനക്കാർക്കെതിരേ കേസെടുത്തു. ഉത്തർപ്രദേശിലെ ബാഗ്പതിലെ സർക്കാർ ആശുപത്രിയിലെ ടി.ബി/എച്ച്.ഐ.വി. വിഭാഗം കോർഡിനേറ്റർ ജബ്ബാർ ഖാൻ, ടെക്‌നീഷ്യൻ മുഷീർ അഹമ്മദ് എന്നിവർക്കെതിരേയാണ് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറും ജില്ലാ ടി.ബി. ഓഫീസറുമായ ഡോ. യഷ് വീർ സിങ്ങിന്റെ പരാതി. ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനെ പ്രതികളായ രണ്ടുപേരും ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫത്തിന്റെ സാമ്പിൾ ഭക്ഷണത്തിൽ കലർത്തിനൽകാൻ ശ്രമിച്ചെന്നുമാണ് പരാതി. . ഡോക്ടർക്ക് , അതീവഗുരുതരാവസ്ഥയിലുള്ള ക്ഷയരോഗിയുടെ കഫവും ചില വിഷപദാർഥങ്ങളും ഭക്ഷണത്തിൽ കലർത്തി നൽകാനാണ് പ്രതികൾ ജീവനക്കാരോട് നിർദ്ദേശിച്ചത്. ഇതുസംബന്ധിച്ച് പ്രതികൾ നിർദേശം നൽകുന്നതിന്റെ ഫോൺ റെക്കോഡ് ജീവനക്കരാൻ തന്നെയാണ് ഡോക്ടർക്ക് കൈമാറിയത് . പ്രതികൾ ആവശ്യപ്പെട്ട കാര്യം ചെയ്യാൻ തന്റെ മനഃസാക്ഷി അനുവദിച്ചില്ലെന്ന് പറഞ്ഞാണ് ഇയാൾ സംഭവം വെളിപ്പെടുത്തിയതെന്നും ഡോക്ടർ വ്യക്തമാക്കി. സംഭവത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.