ബലാത്സംഗത്തിന് ഇരയായ 16 വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ച പ്രായം കടന്നതായി വ്യക്തമായ സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചുകൊണ്ടുളള ഹൈക്കോടതിയുടെ ഉത്തരവ്. ആരോഗ്യപ്രശ്‌നം പ്രകടിപ്പിച്ച പെണ്‍കുട്ടിയില്‍ ഡോക്ടര്‍ നടത്തിയ പരിശോധനയിലൂടെയാണ് ബലാത്സംഗത്തിന്റെ വിവരങ്ങള്‍ പുറത്താകുന്നത്. ഈ അവസരത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ പ്രായം 25 ആഴ്ച കടന്നിരുന്നു. തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. എന്നാല്‍ ഈ അവസരത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ പ്രായം 26 ആഴ്ചയും 5 ദിവസവും ആയിരുന്നു. ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച കോടതി കുട്ടിയെ ദത്തുനല്‍കാന്‍ അതിജീവിതയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമാണെങ്കില്‍ കുഞ്ഞിനെ ഏറ്റടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.