വീണ്ടും ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡി. കോളേജ്

വീണ്ടും ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡി. കോളേജ്. ഹൃദയാഘാതത്തെ തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന ഹൃദയ ഭിത്തിയിലെ വിള്ളൽ മാറ്റാൻ നടത്തിയ താക്കോൽ ദ്വാര ശസ്ത്രക്രിയ രണ്ടാം തവണയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശിയായ 57 കാരനാണ് വെൻട്രിക്കുലാർ സെപ്റ്റൽ റപ്ച്ചർ എന്ന രോഗത്തിന് ചികിത്സ നൽകിയത്. ഉയർന്ന മരണസാധ്യത ഉള്ളതും എന്നാൽ വിരളമായി മാത്രം ചികിത്സക്കു അനുകൂലമായതുമായ ഒരു രോഗമാണിത്. ഈ രോഗം ബാധിച്ചവരിൽ 90 ശതമാനം ആളുകൾ മരണപ്പെടുന്നു. കഠിനമായ ശ്വാസംമുട്ടലിനെ തുടർന്ന് കാർഡിയോളജി വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപിച്ച രോഗിക്ക്, ഹൃദയാഘാതം ആണെന്ന് കണ്ടെത്തിയിരുന്നു. മരുന്നുകളാൽ രക്തസമ്മർദം നിലനിർത്തിയിരുന്ന രോഗിയിൽ ഹൃദയം തുറക്കാതെ തന്നെ ഹൃദയ ഭിത്തിയിലെ വിള്ളൽ അടയ്ക്കാൻ സാധിച്ചു. ഒരാഴ്ച മുമ്പ് ഇതേ രോഗം ബാധിച്ച കന്യാകുമാരി സ്വദേശിയായ മറ്റൊരു രോഗിയ്ക്കും മെഡിക്കൽ കോളേജ് ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ‘രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.