70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന ദേശീയ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമായി ലഭിക്കും. രാജ്യത്തെ ആറ് കോടി മുതിർന്ന പൗരന്മാരുൾപ്പെടെ 4.5 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ നിലവിൽ അംഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കു പുറമെയാണ് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.