സംസ്ഥാനത്ത് നിപ രോഗബാധ ആവര്‍ത്തിക്കപ്പെടുമ്പോഴും സ്രവപരിശോധന വേഗത്തിലാക്കാനും ഗവേഷണത്തിനുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ആറുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ലാബ് പേപ്പറില്‍ ഒതുങ്ങിയതായി ആരോപണം. ബയോ സേഫ്റ്റി ലെവല്‍ ത്രീ ലാബിനൊപ്പം ഐസോലേഷന്‍ ബ്ലോക്ക് പദ്ധതിയും പൂര്‍ത്തീകരിച്ചിട്ടില്ല. ആരോഗ്യമേഖലയെ മുള്‍മുനയിലാക്കിയ 2018 ലെ നിപ ബാധയ്ക്ക ശേഷം ആറാം തവണയാണ് സംസ്ഥാനം നിപയുടെ ഭീതിയിലാകുന്നത്. സ്രവപരിശോധനയ്ക്കുള്ള ബയോ സേഫ്റ്റി ലെവല്‍ 2 ലാബ് സംവിധാനമാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ളത്. ഈ ലാബില്‍ നിപ ഉള്‍പ്പെടെയുള്ളവയുടെ ടെസ്റ്റുകള്‍ നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ സുരക്ഷിതത്വത്തോടെ കൃത്യം സ്രവ പരിശോധനക്കൊപ്പം വൈറസ് കള്‍ച്ചര്‍, കിറ്റ് ഡെവലപ്പ്, ഗവേഷണം തുടങ്ങിയ വലിയ സൗകര്യങ്ങളുള്ള സംവിധാനമാണ് ബയോ സേഫ്റ്റി ലൈവല്‍ 3 ലാബ് സംവിധാനം. കഴിഞ്ഞ തവണ നിപ്പ സ്ഥിരീകരിച്ചപ്പോള്‍ ഐസിഎംആര്‍ ലെവല്‍ 3 ലാബ് മൊബൈല്‍ യൂണിറ്റ് സംവിധാനം കോഴിക്കോട്ടെത്തിച്ചിരുന്നു. ഐസിഎംആര്‍ മാനദണ്ഡപ്രകാരം അന്തിമ രോഗസ്ഥിരീകരണം വരേണ്ടത് പുണെ എന്‍ഐവിയില്‍ നിന്നാണെങ്കിലും ലെവല്‍ 3 ലാബില്‍ നിന്നും വേഗത്തില്‍ കൃത്യമായ പരിശോധനഫലം ലഭിക്കുന്നത് പ്രതിരോധ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.