വ്യായാമമില്ലാതെ മൊബൈൽ ലാപ്ടോപ്പ് സ്ക്രീനിനു മുന്നിൽ തന്നെ ഇരിക്കുന്നവർക്ക് മറവിരോഗത്തിന് സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. വ്യായാമക്കുറവും സ്ക്രീനിനു മുന്നിൽ കുത്തിയിരിക്കുന്നതുമൊക്കെ മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഡിജിറ്റൽ ഡിമെൻഷ്യ എന്ന അവസ്ഥയിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. അരിസോണ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഹ്രസ്വകാല ഓർമക്കുറവ്, പെട്ടെന്ന് കാര്യങ്ങൾ മറന്നുപോവുക, വാക്കുകൾ ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ട്, ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയാണ് ഡിജിറ്റൽ ഡിമെൻഷ്യയുടെ പ്രധാനലക്ഷണങ്ങൾ. ഡിജിറ്റൽ ഡിമെൻഷ്യ ആശയവിനിമയശേഷി, ശ്രദ്ധകേന്ദ്രീകരിക്കൽ, യുക്തിപരമായി ചിന്തിക്കൽ തുടങ്ങിയവയെ ബാധിക്കും. കൂടാതെ സ്ക്രീൻ ടൈം അധികരിക്കുന്നത് ഉറക്കത്തകരാറുകൾ ഉണ്ടാക്കുകയും മാനസികാവസ്ഥയെ ബാധിക്കുകയും ചെയ്യും. മസ്ഷ്കത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഇവ രണ്ടുംകൂടിയേ തീരൂ എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.