ഫുഡ് പാക്കേജുകളിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് കണ്ടെത്തി ഗവേഷകർ. പ്ലാസ്റ്റിക്, പേപ്പർ, കാർഡ്ബോർഡ് തുടങ്ങിയ ഫുഡ് പാക്കേജിങ് മെറ്റീരിയലുകളിൽ ഇരുനൂറിനടുത്ത് കാൻസറിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി. ഫ്രോണ്ടിയേഴ്സ് ഇൻ ടോക്സിക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്തനാർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുടെ പട്ടികയാണ് ഇതിനായി ഗവേഷകർ പരിശോധിച്ചത്. തുടർന്ന് ഭക്ഷ്യമേഖലയിലെ പാക്കേജിങ് വിഭാഗത്തിൽ മാത്രം 189-ഓളം കാൻസറിന് കാരണമാകുന്ന കെമിക്കലുകളുടെ സാന്നിധ്യം പഠനത്തിൽ കണ്ടെത്തി. 2020 മുതൽ 2022 വരെയുള്ള വിവിധ പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളും പഠനത്തിന് സഹായകമായി. ഭക്ഷണത്തിന്റെ ഉത്പാദനം, പാക്കേജിങ്, സംഭരണം, ഉപഭോഗം എന്നീ മേഖലകളിലായി ഉപയോഗിക്കുന്ന വസ്തുക്കളിലാണ് കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയത്. പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റൽ, പേപ്പർ തുടങ്ങിയവയിൽ നിന്നെല്ലാം ഭക്ഷണത്തിലേക്ക് കെമിക്കലുകൾ പ്രവേശിക്കും. അതുകൊണ്ട് തന്നെ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. പല കെമിക്കലുകളും സ്തനാർബുദത്തിന് കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുമെന്നും ഡി.എൻ.എ.യിൽ തകരാറുണ്ടാക്കുന്നുവെന്നും ഗവേഷകർ കൂട്ടിച്ചേർത്തു . പാക്കേജിങ് ഘടകങ്ങളിൽ ബിസ്ഫെനോൾസ്, ഫാതലേറ്റ്സ്, പെർഫ്ലുറോആൽക്കൈൽ, പോളിഫ്ലൂറോആൽക്കൈൽ തുടങ്ങിയ കെമിക്കലുകളുടെ സാന്നിധ്യമാണ് കൂടുതലായും കണ്ടെത്തിയത്. ദൈനംദിന ഉത്പന്നങ്ങളിലെ കാൻസറിന് കാരണമാകുന്ന കെമിക്കലുകളിൽ കരുതൽ വേണമെന്നും പരമാവധി ഒഴിവാക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.