രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങളെ ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്നു മാതാപിതാക്കൾക്ക് കർശന നിർദേശം നൽകി സ്വീഡിഷ് സർക്കാർ. രണ്ടിനും അഞ്ചിനുമിടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെ ദിവസം പരമാവധി ഒരുമണിക്കൂർവരെ സ്ക്രീനിൽനോക്കാൻ അനുവദിക്കാമെന്ന് സ്വീഡിഷ് ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആറുമുതൽ 12 വയസ്സുവരെ ഉള്ളവർക്ക് അത് ഒന്നുമുതൽ രണ്ടുമണിക്കൂർവരെയാണ്. 13-18 വരെയുള്ള കൗമാരക്കാർക്ക് 2-3 മണിക്കൂർ സ്ക്രീൻ സമയമാണ് അനുവദിച്ചിട്ടുള്ളത്. സ്കൂൾസമയത്തിനുപുറമേ സ്വീഡനിലെ കൗമാരക്കാർ ശരാശരി ആറുമണിക്കൂർവരെ ഒരുദിവസം സ്ക്രീനിനുമുന്നിൽ സമയം ചെലവിടുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ജേക്കബ് ഫോസ്മെഡ് വ്യക്തമാക്കി. കുഞ്ഞുങ്ങൾ കായികപ്രവൃത്തികളിലേർപ്പെടുന്നില്ല. അവരുടെ സാമൂഹിക ഇടപെടലും നന്നേ കുറഞ്ഞു. സ്വീഡനിലെ കൗമാരക്കാരിൽ പാതിയും ഉറക്കപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അമിത മൊബൈൽ ഫോണുപയോഗം കുട്ടികളിൽ ശാരീരികപ്രശ്നങ്ങൾക്കൊപ്പം വിഷാദമടക്കമുള്ള മാനസികപ്രയാസങ്ങളുമുണ്ടാക്കുന്നെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.