നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്. മുൻകാലങ്ങളിൽ പ്രായമായവരെ മാത്രം ബാധിച്ചിരുന്ന കേൾവിസംബന്ധമായ പ്രശ്നങ്ങളിലേറെയും ഇന്ന് ചെറുപ്പക്കാരിൽ കാണുന്നതിന് പിന്നിൽ സുരക്ഷിതമല്ലാത്ത ഹെഡ്സെറ്റ് ഉപയോഗങ്ങളാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. നോയ്സ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് എന്നാണ് ഇതിനെ പൊതുവേ പറയുന്നത്. ഉച്ചത്തിലുള്ള ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന കേൾവിപ്രശ്നമാണിത്. ഇയർഫോണുകൾ ഉച്ചത്തിൽ വെക്കുക, ദീർഘസമയം ശബ്ദം ഉയർത്തിവച്ച് കേൾക്കുക തുടങ്ങിയവയൊക്കെ കേൾവിയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇയർഫോണുകളുടെ കൂടുതലായി ഉപയോഗിക്കുന്നതുമൂലം ചെവിയിൽ വാക്സ് അടിഞ്ഞ് അണുബാധകൾക്കും ചെവിവേദനയ്ക്കും കാരണമാകാറുമുണ്ട്. നിരന്തരമായി 85 ഡെസിബലിൽ കൂടുതൽ കേൾക്കുന്നത് സ്ഥായിയായ കേൾവി പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെയാണ് ഗായിക അൽക യാഗ്നിക് കേൾവിത്തകരാറുണ്ടായതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. അപൂർവമായി സംഭവിക്കുന്ന സെൻസറിനറൽ ശ്രവണ നഷ്ടം അഥവാ റെയർ സെൻസറിന്യൂറൽ ഹിയറിങ് ലോസ് എന്ന അവസ്ഥയാണ് അൽകയ്ക്കുണ്ടായത്. 85 ഡെസിബെലിനു മുകളിലുള്ള ശബ്ദത്തിൽ കേൾക്കുന്നത് ഇത്തരം അവസ്ഥയിലെത്താൻ കാരണമാവുമെന്ന് ഈ രംഗത്തെ പ്രഗത്ഭരായ ഡോക്ടർമാർ വ്യക്തമാക്കുന്നു.