ഹൃദയശസ്ത്രക്രിയയുടെ മുഴുവൻ ചിലവും ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് മഞ്ജിമ. ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരംമൂലം ബുദ്ധിമുട്ടിയിരുന്ന 21-കാരി മഞ്ജിമയ്ക്ക് മമ്മൂട്ടിയുടെ നിർദേശത്തെ തുടർന്നാണ് രാജഗിരി ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ നടത്തിയത്. വാഗമണ്ണിൽ ബി.ബി.എ. ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയാണ് പാലക്കാട് സ്വദേശിയായ മഞ്ജിമ. തീവ്രമായ ശ്വാസതടസ്സത്തെ തുടർന്ന് മഞ്ജിമയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് തകരാറുള്ളതായി വ്യക്തമായി. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനകളിൽ ഹൃദയത്തിന്റെ മുകളിലെ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ദ്വാരം ഉണ്ടെന്ന് വ്യക്തമായി. അടിയന്തര ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഓട്ടോഡ്രൈവറായ അച്ഛൻ തോമസിന്റെ വരുമാനത്തിൽ കഴിഞ്ഞിരുന്ന മഞ്ജിമയുടെ കുടുംബം ഇതോടെ പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന ‘ഹൃദ്യം’ പദ്ധതിയെ കുറിച്ച് അറിയുന്നത്. തുടർന്ന് ‘ഹൃദ്യം’ പദ്ധതിയിൽ മഞ്ജിമയെ ഉൾപ്പെടുത്താൻ മമ്മൂട്ടി നിർദേശിക്കുകയായിരുന്നു. അഞ്ചുലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണ് ‘ഹൃദ്യം’ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുനൽകിയത്.