ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നു ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി കേരളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി പ്രതികരിച്ചു. മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഡ്രഗ് റസിസ്റ്റന്റ് ടിബി ചികിത്സ, ക്ഷയരോഗ ബാധയില്ലാതെ രോഗാണുബാധ മാത്രമുള്ളവര്‍ക്കുള്ള ടിബി പ്രിവന്റീവ് ചികിത്സ, സ്വകാര്യ മേഖലാ-പ്രാദേശിക സര്‍ക്കാരുകളുടെ പങ്കാളിത്തം എന്നിവയിലൂടെ സംസ്ഥാനം നടത്തിയ മുന്നേറ്റങ്ങൾ ക്ഷയരോഗ ചികിത്സാ ചരിത്രത്തില്‍ അനാവരണം ചെയ്യും. പ്രതിവര്‍ഷം 1000 ജനസംഖ്യയില്‍ ഒന്നോ അതില്‍ താഴയോ മാത്രം ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്യുകയും മറ്റ് അനുബന്ധ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്ത് ക്ഷയരോഗ മുക്ത പഞ്ചായത്ത് ഒന്നാം ഘട്ടം, സംസ്ഥാനത്ത് 59 ഗ്രാമ പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളേയും ഇതേ രീതിയില്‍ കൊണ്ടു വരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.