എംപോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കോംഗോ, സ്വീഡൻ, തായ്ലന്റ് എന്നിവിടങ്ങളിൽ മാത്രമാണ് ഈ വകഭേദം ഇതുവരെ കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ പരിശോധനയുടെ ഭാഗമായ ജനിതകപരിശോധന നടത്തിയതുകൊണ്ടാണ് വകഭേദമേതെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട എല്ലാ നടപടികളും ആരോഗ്യവകുപ്പ് കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രോഗികളുടെ എണ്ണവും മരണവും ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ എംപോക്സിനെതിരെ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 2009 മുതൽ ഇതുവരെ ഏഴുതവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. H1N1 പന്നിപ്പനി, പോളിയോവൈറസ്, സിക വൈറസ്, എബോള, കോവിഡ്, എംപോക്സ് എന്നിവയ്ക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിൽ അവസാനമായി 2022-ൽ പ്രഖ്യാപിച്ചതും എംപോക്സിന് എതിരെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയെന്നാൽ ലോകാരോഗ്യസംഘടനയുടെ ഏറ്റവുംവലിയ ജാഗ്രതാനിർദേശങ്ങളിലൊന്നാണ്.