കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്. ജൂണിൽ ജർമനിയിൽ കണ്ടെത്തിയ വൈറസ് വകഭേദം ഇതുവരെ 13 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിന്റെ ഉപവിഭാഗമായ കെഎസ് 1.1, കെപി 3.3 എന്നിവ ചേർന്നാണ് എക്സ്.ഇ.സി രൂപപ്പെട്ടത്. ലോകവ്യാപകമായി കോവിഡ് കേസുകൾ ഉയരുന്നതിനു കാരണമായ വകഭേദമാണ് കെഎസ് 1.1. കെപി 3.3 അതീവ അപകടകാരിയും. ഇവ രണ്ടും ചേർന്ന എക്സ്.ഇ.സി കൂടുതൽ അപകടകാരി ആയേക്കുമെന്നതിനാൽ വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കാൻ വിദഗ്ധർ ശൂപാർശ ചെയ്തു . യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗപ്രതിരോധത്തിനായി സൗജന്യ വാക്സീൻ വിതരണവും ആരംഭിചു . ജർമനിക്ക് പുറമെ ഡെൻമാർക്കിലാണ് എക്സ്.ഇ.സി വകഭേദത്തിലുള്ള വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യു.കെ., നെതർലൻഡ്സ് എന്നിവയാണ് തൊട്ടുപിന്നിൽ. പനി തന്നെയാണ് പ്രധാന രോഗലക്ഷണം. ഒരാഴ്ചക്കുള്ളിൽ ആരോഗ്യം വീണ്ടെടുക്കാനാകും. എന്നാൽ പൂർണമായ രോഗമുക്തിക്ക് ആഴ്ചകൾ വേണ്ടിവന്നേക്കാം. നിലവിൽ വികസിപ്പിച്ചിട്ടുള്ള വാക്സീനുകൾ കോവിഡിന്റെ എല്ലാ വകഭേദത്തെയും ചെറുക്കാൻ ശേഷിയുള്ളതാണെന്നും ആശങ്ക വേണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി .