സർക്കാർ പ്ലാൻ ഫണ്ടിൽ അനുവദിച്ച 3.6 കോടി രൂപ ഉപയോഗിച്ച് അടിമാലി താലൂക്കാശുപത്രിയിൽ നിർമ്മിച്ച പത്ത് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. തമിഴ്നാട് അതിർത്തി മുതൽ എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ വരെയുള്ള ദേവികുളം താലൂക്കിലെ ജനങ്ങൾ ഡയാലിസിസ് സേവനത്തിനായി എറണാകുളം , കോട്ടയം ജില്ലകളിലെ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. അടിമാലി താലൂക്കാശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ് രോഗികളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ച് ഡയാലിസിസ് മെഷീനുകളാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഉപകരണങ്ങൾക്ക് മാത്രമായി ഒന്നരക്കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരുടെ സേവനവും യൂണിറ്റിനൊപ്പം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.