പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുവൈത്തിന് ലോകാരോഗ്യ സംഘടനയുടെ ആദരവ്. കഴിഞ്ഞ 50 വർഷമായി വ്യവസ്ഥാപിതമായി പ്രതിരോധ പദ്ധതികൾ കുവൈത്ത് നടപ്പാക്കിവരുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പ് രംഗത്തെ മാറ്റങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളുന്നുമുണ്ട്. പകർച്ചവ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ള കുവൈത്തിൻറെ ഈ നിരന്തര ശ്രമങ്ങളെയാണ് ഡബ്ല്യു.എച്ച്.ഒ അംഗീകാരം ഉയർത്തിക്കാട്ടുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പകർച്ചവ്യാധികളിൽ നിന്ന് സമൂഹത്തിൻറെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള കുവൈത്തിൻറെ പ്രതിബദ്ധതയാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് പകർച്ചവ്യാധി വിഭാഗം മേധാവി ഡോ.ഹമദ് ബസ്തകി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിനും പുതിയ മെഡിക്കൽ മാർഗനിർദേശങ്ങൾക്കും അനുസൃതമായി പ്രതിരോധ കുത്തിവെപ്പ് പരിപാടികൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.