അടുത്തിടെ വർധിക്കുന്ന ഹൃദയാഘാതങ്ങൾക്കും മറ്റു ഹൃദ്രോഗങ്ങൾക്കും പിന്നിൽ കോവിഡ് വാക്സിനല്ല കോവിഡ് വൈറസാണ് വില്ലനെന്ന് വ്യക്തമാക്കി പഠന റിപ്പോർട്ട്. ജാമാ നെറ്റ്വർക്ക് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാൻസിലെ വേഴ്സായി സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. മയോകാർഡൈറ്റിസിന് ചികിത്സയിൽ കഴിഞ്ഞിരുന്ന പന്ത്രണ്ടിനും നാൽപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 2020 ഡിസംബർ മുതൽ 2022 ജൂൺ വരെ നീണ്ട പഠനത്തിനൊടുവിലാണ് വിലയിരുത്തലിലെത്തിയത്. പഠനത്തിൽ പങ്കാളികളായവരെ പ്രധാനമായും മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. വാക്സിനേഷനു ശേഷം ഏഴുദിവസങ്ങൾക്കുള്ളിൽ മയോകാർഡൈറ്റിസ് ഉണ്ടായവർ, കോവിഡ് ബാധിച്ച് മുപ്പതുദിവസത്തിനുള്ളിൽ മയാേകാർഡൈറ്റിസ് ബാധിച്ച വാക്സിനെടുക്കാത്തവർ, മറ്റുകാരണങ്ങളാൽ മയോകാർഡൈറ്റിസ് ഉണ്ടായവർ എന്നിങ്ങനെയാണ് തരംതിരിച്ചത്. പതിനെട്ടുമാസത്തോളം മൂന്നുവിഭാഗത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു. തുടർന്നാണ് വാക്സിൻ മൂലമുള്ള മയോകാർഡൈറ്റിസ് സാധ്യതയും അതുമൂലമുള്ള സങ്കീർണതകളും വളരെ കുറവായിരുന്നുവെന്നും എന്നാൽ കോവിഡ് വൈറസ് മയോകാർഡൈറ്റിസിനുമപ്പുറമുള്ള ഹൃദ്രോഗങ്ങൾക്കുവരെ കാരണമാകുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയത്. വാക്സിനേഷനു ശേഷം സ്ഥിരീകരിച്ച മയോകാർഡൈറ്റിസിന് കോവിഡിനുശേഷമുള്ള മയോകാർഡൈറ്റിസിനേക്കാൾ ഗുരുതരാവസ്ഥ കുറവായിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി.