നാവായിക്കുളത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരം. ഇവരെ പ്രത്യേക വാര്‍ഡിലേക്കു മാറ്റി. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ള ഏക സ്ത്രീയാണ് നാവായിക്കുളം സ്വദേശിനി ശരണ്യ. ശരണ്യയ്ക്ക് വിട്ടുമാറാത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് മൈഗ്രേന് ആണെന്നുകരുതി നാട്ടുചികിത്സ തേടിയിരുന്നു. പിന്നീട് മകനെ സ്കൂളിലേക്ക് അയക്കാന്‍ പോരേടംമുക്കില് ബസ് കാത്തുനില്ക്കുമ്പോള് കുഴഞ്ഞുവീണതോടെ ശരണ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്വരമാണെന്ന് സ്ഥിരീകരിച്ചത്. ആദ്യം രോഗബാധയുണ്ടായ നെയ്യാറ്റിന്‍കര കണ്ണറവിള സ്വദേശികളായ അനീഷ്, ഹരീഷ്, ധനുഷ്, അജികുമാര്‍, കണ്ണന്, സജികുമാര്‍, ശ്യാം, പേരൂര്‍ക്കട സ്വദേശി നിജിത്ത് എന്നിവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സൂപ്രണ്ട് ഡോ. ബി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി . നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ പോരേടംമുക്കിലെ പുളിയാറത്തോടുമായി സമ്പര്‍ക്കമുള്ള 19 പേര് നിരീക്ഷണത്തിലാണ്.