ലോകത്തിന് പുതിയ ഭീഷണിയായി ഉയർന്ന എംപോക്‌സ് രോഗത്തിന് വാക്‌സിൻ കണ്ടുപിടിക്കാനുള്ള പരീക്ഷണം പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുകയാണെന്ന് കമ്പനി സി.ഇ.ഒ. അദാർ പുനെവാല. അടുത്തിടെയാണ് ഈ രോഗത്തെ ഏറെ സൂക്ഷിക്കേണ്ടതാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്. ആഫ്രിക്കൻരാജ്യങ്ങളിൽ കുട്ടികളിലടക്കം എംപോക്‌സ് പടർന്നിട്ടുണ്ട്. ഇതിനുള്ള വാക്‌സിൻ ആവശ്യത്തിന് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തമായി വാക്‌സിൻ വികസിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന്റെ പരീക്ഷണം മികച്ചരീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽത്തന്നെ മികച്ച ഒരു വാക്‌സിൻ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പുനെവാല വ്യക്തമാക്കി.