മാനസിക പിരിമുറുക്കം മൂലം ഇന്ത്യയിലെ മൂന്നിലൊന്ന് മെഡിക്കൽ വിദ്യാർത്ഥികളും ആത്മഹത്യാ മുനമ്പിലെന്ന് സർവ്വെ ഫലം. ദേശീയ മെഡിക്കൽ കമ്മീഷൻ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ ആണ് ഈ കണ്ടെത്തൽ. 30,000ത്തിലധികം ബിരുദ-ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികളും 7,000-ലധികം ഫാക്കൽറ്റി അംഗങ്ങളും ഉൾപ്പെട്ട ഓൺലൈൻ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 16 ശതമാനം എം.ബി.ബി.എസ് വിദ്യാർഥികളും തങ്ങൾക്ക് ആത്മഹത്യാ ചിന്തയുണ്ടെന്ന് സ്വമേധയാ വെളിപ്പെടുത്തുകയായിരുന്നു. എം.ഡി, എം.എസ് വിദ്യാർഥികളിൽ 31 ശതമാനത്തിനും ആത്മഹത്യാ ചിന്തയുണ്ടെന്ന് സർവേ പറയുന്നു. 27.8 ശതമാനം യു.ജി വിദ്യാർഥികളും 15.3 ശതമാനം പി.ജി വിദ്യാർഥികളും തങ്ങൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സ്വമേധയാ സൂചിപ്പിച്ചു. 74 ശതമാനത്തിലധികം യു.ജി വിദ്യാർഥികളും സാമൂഹികമായി ഒറ്റപ്പെടുന്നതിന്റെ ഭയത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. 56 ശതമാനം എം.ബി.ബി.എസ് വിദ്യാർഥികളും സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ടവരാണ്. ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ സൈക്യാട്രി പ്രൊഫസർ സുരേഷ് ബഡാ മഠിന്റെ അധ്യക്ഷതയിലുള്ള സംഘം നടത്തിയ സർവേ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ദേശീയ മെഡിക്കൽ കമീഷന് സമർപ്പിച്ചത്. മെഡിക്കൽ വിദ്യാർത്ഥികൾ വലിയ സമ്മർദ്ദവും വെല്ലുവിളികളുമാണ് നേരിടുന്നതെന്നും പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും എൻ.എം.സി ചെയർമാൻ ബി.എൻ ഗംഗാധർ പ്രതികരിച്ചു.