കുവൈത്തിൽ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുതിയ പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യമന്ത്രാലയം. രോഗ ബാധ സംശയിക്കപ്പെട്ടാൽ ചികിത്സിക്കുന്ന ഫിസിഷ്യൻ ഉടൻ തന്നെ അടുത്തുള്ള പ്രതിരോധ കേന്ദ്രത്തെ ഫോണിലൂടെ അറിയിക്കുകയും രേഖാമൂലമുള്ള റിപ്പോർട്ട് സമർപ്പിക്കുകയും വേണം. പ്രതിരോധ കേന്ദ്രത്തിലേക്ക് കേസ് റെഫർ ചെയ്യുമ്പോൾ ക്ലിനിക്കൽ ഡയഗ്നോസിസ് വിഭാഗത്തിൽ മങ്കിപോക്സ് സംശയിക്കപ്പെടുന്ന എന്ന് റെഫറൽ ഫോമിൽ സൂചിപ്പിക്കുകയും വേണം. പ്രതിരോധ കേന്ദ്രത്തിലെ പ്രിവൻറീവ് ഹെൽത്ത് ഫിസിഷ്യൻ പൊതുജനാരോഗ്യ സേവന മേധാവിയെയും പൊതു ജനാരോഗ്യമേധാവി, സാംക്രമിക രോഗ നിയന്ത്രണ വകുപ്പിലെ കോൺടാക്റ്റ് ഓഫിസർക്കും വിവരം കൈമാറണം. അന്തിമ ലബോറട്ടറി ഫലങ്ങൾ പകർച്ചവ്യാധി നിയന്ത്രണ വകുപ്പിലേക്ക് അയക്കാനുള്ള ചുമതല പ്രിവൻറീവ് ഹെൽത്ത് ഫിസിഷ്യനാണെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു. അതേസമയം, ജഹ്റ, കാപിറ്റൽ ഗവർണറേറ്റുകളിൽ ഒന്ന് വീതവും, അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിൽ രണ്ട് വീതവും മങ്കി പോക്സ് വൈറസ് ബാധ സംശയിച്ചിരുന്ന രോഗികളുടെ ലബോറട്ടറി പരിശോധനാ ഫലങ്ങൾ നെഗറ്റീവായി. അതിനാൽ നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.