മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിൾ ഇൻക്യുബേഷൻ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 472 പേരേയും പട്ടികയിൽ നിന്നും ഒഴിവാക്കി. പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. എന്നാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് കാരണം മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഡബിൾ ഇൻക്യുബേഷൻ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒറ്റക്കെട്ടായി പ്രവർത്തിച്ച മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. മറ്റൊരാളിലേക്ക് നിപ വൈറസ് പകരാതെ സംരക്ഷിക്കാനായത് ഒറ്റക്കെട്ടായുള്ള പ്രവർത്തനം കൊണ്ടാണ്. കുട്ടിയുടെ മരണം തീരാനഷ്ടമാണെന്നും മന്ത്രി ഓർമ്മിച്ചു.