250 രോഗികൾക്ക് അന്യൂറിസം കോയിലിംഗ് ചികിത്സ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ്

തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളിൽ കുമിളകൾ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന 250 രോഗികൾക്ക് അന്യൂറിസം കോയിലിംഗ് ചികിത്സ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ്. റേഡിയോളജി വിഭാഗത്തിന് കീഴിൽ ഇന്റർവെൻഷണൽ റേഡിയോളജി യൂണിറ്റിലാണ് നൂതന അന്യൂറിസം കോയിലിംഗ് ചികിത്സ ലഭ്യമാക്കിയത്. തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയകൾ ഒഴിവാക്കാൻ സാധിക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതിനാൽ തന്നെ മറ്റ് സങ്കീർണതകൾ ഒഴിവാക്കാനും വേഗത്തിൽ രോഗമുക്തി നേടാനും സാധിക്കുന്നു. നൂതനമായ ചികിത്സ പരമാവധി രോഗികൾക്ക് ലഭ്യമാക്കിയ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സംസ്ഥാനത്ത് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ, ഇത്രയും രോഗികൾക്ക് ഈ ചികിത്സ നൽകിയ ഏക സ്ഥാപനമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. ഈ ചികിത്സയിലെ നൂതന സമ്പ്രദായമായ ഫ്ളോ ഡൈവെർട്ടർ ചികിത്സയും 60ലേറെ രോഗികൾക്ക് വിജയകരമായി പൂർത്തിയാക്കി. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തിന് മുകളിൽ ചെലവ് വരുന്ന ഈ ചികിത്സ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് മെഡിക്കൽ കോളേജിൽ ചെയ്ത് കൊടുക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടാത്ത രോഗികൾക്ക് പ്രൊസീജിയറിന് ആവശ്യമായ കോയിൽ, സ്റ്റെന്റ്, ബലൂൺ എന്നിവയുൾപ്പെടെയുള്ളവയുടെ കുറഞ്ഞ ചെലവ് മാത്രമേ ആകുന്നുള്ളൂ.