സംസ്ഥാനത്ത് ഇൻഫ്ലുവൻസ എ. വിഭാഗത്തിൽപ്പെട്ട വൈറൽ ന്യുമോണിയ പടരുന്നതായി റിപ്പോർട്ട്. മലബാർ മേഖലയിൽ അസുഖം വലിയതോതിൽ വ്യാപിക്കുന്നുണ്ട്. എച്ച്1 എൻ1, എച്ച്3 എൻ2 എന്നിവയാണ് പടരുന്നത്. പനിയും അനുബന്ധപ്രശ്നങ്ങളുമായെത്തുന്ന പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടലുമായെത്തുന്നവർ എന്നിവരിൽ നടത്തുന്ന പരിശോധനാഫലം 90 ശതമാനവും പോസിറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പ്രായമായവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും പെട്ടെന്ന് ടെസ്റ്റ് ചെയ്യുകയും ആന്റിവൈറൽ മരുന്നുകൾ കഴിക്കുകയും ചെയ്തില്ലെങ്കിൽ ന്യുമോണിയയായി മാറുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും. നാലാഴ്ചവരെ വെന്റിലേറ്ററിൽ കിടക്കേണ്ടിവരുന്നവരുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.