കാൻസർ സ്ഥിരീകരണ വാർത്തയ്ക്കുപിന്നാലെ നിരന്തരം തന്റെ ജീവിതത്തേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കുന്ന താരമാണ് നടി ഹിന ഖാൻ. ഇപ്പോഴിതാ തന്റെ സ്വന്തം മുടി കൊണ്ട് വിഗ് ഉണ്ടാക്കിയതിനേക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഹിന. കാൻസറാണെന്ന് സ്ഥിരീകരിച്ച നിമിഷം തന്നെ തന്റെ മുടികൊഴിയുമെന്ന് അറിയാമായിരുന്നുവെന്ന ആമുഖത്തോടെയാണ് ഹിന കുറിപ്പ് ആരംഭിക്കുന്നത്. അതുകൊണ്ടാണ് ആരോഗ്യകരമായി ഇരിക്കുന്ന അവസ്ഥയിൽ തന്നെ അത് മുറിക്കാമെന്ന് തീരുമാനിക്കുന്നത്. ഈ വെല്ലുവിളിനിറഞ്ഞ സമയത്ത് തനിക്ക് ആശ്വാസമാകുമെന്നോർത്ത് സ്വന്തം മുടി ഉപയോഗിച്ച് വിഗ് തയ്യാറാക്കാൻ തീരുമാനിച്ചു. തന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു തീരുമാനമായിരുന്നുവെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ഹിന കുറിച്ചു. സമാനമായ പോരാട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളോട് പ്രത്യേകസന്ദേശം പങ്കുവെക്കാനുണ്ട്. നിങ്ങൾക്ക് തന്റെ തീരുമാനത്തെ അനുകൂലിക്കാൻ കഴിയുന്നുവെങ്കിൽ അതുതന്നെ നിങ്ങളും ചെയ്യാനാണ് താൻ നിർദേശിക്കുന്നത്. അത് നിങ്ങൾക്ക് ആശ്വാസം പകരും. ഈ വിഗ് ധരിക്കുമ്പോൾ നഷ്ടമായ മുടിയുമായി വീണ്ടും കൂടിച്ചേർന്ന അനുഭൂതിയാണുള്ളതെന്നും ഹിന കുറിക്കുന്നു.