വയനാട് ദുരന്ത മേഖലയിലെ എല്ലാ കുട്ടികൾക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ ദുരന്ത മേഖലയിലെ എല്ലാ കുട്ടികൾക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ‘ടെലി മനസി’ന്റെ സഹായത്തോടെ ആവശ്യമായ സേവനം നൽകാൻ നിർദേശം നൽകി. മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് 137 കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയവരുടെ തുടർ കൗൺസിലിങ്ങിന് അതേ കൗൺസിലറുടെ തന്നെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഭവനസന്ദർശനം നടത്തുന്ന സൈക്കോസോഷ്യൽ ടീമിൽ ഫീൽഡ് തല സേവനം നടത്തുന്ന ജീവനക്കാരെക്കൂടി ഉൾപ്പെടുത്തും. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള വിവിധ ജീവനക്കാർക്കും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും മാനസിക പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടലുകൾ നടത്താൻ മന്ത്രി നിർദേശം നൽകി. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളെടുക്കുന്നതിന് മുമ്പ് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.