പാൽ,പാലുൽപ്പന്നങ്ങളുടെ വിൽപനയിൽ നിർണായക നിർദ്ദേശവുമായി ഫുഡ് സേഫ്‌റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ. പാലിന്റെയോ പാലുൽപ്പന്നങ്ങളുടെയോ പാക്കേജിൽ നിന്ന് എ1, എ2 ലേബലുകൾ നീക്കണമെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ ചേർക്കുന്നത് ജനങ്ങളെ വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടതിനെ തുടർന്നാണിത്. നിരവധി കമ്പനികളാണ് തങ്ങളുടെ പാല്, പാലുൽപ്പന്നങ്ങളായ നെയ്യ്, വെണ്ണ,തൈര് എന്നിവയ്‌ക്കെല്ലാം എ1,എ2 എന്ന് ചേർത്ത് വിൽപ്പന നടത്തുന്നതായി തെളിഞ്ഞിരിക്കുന്നത്. പ്രോട്ടീൻ കലവറകളായ ഭക്ഷണ പദാർത്ഥമായ പാലിൽ അടങ്ങിയിരിക്കുന്ന രണ്ട് തരം പ്രോട്ടീനുകളാണ് എ1, എ2 എന്നിവ. സ്ഥിരമായി കാണപ്പെടുന്നവ എ1 ബീറ്റ കേസിനും എ2 ബീറ്റ കേസിനുമാണ്. ഓഗസ്‌റ്റ് 21ന് പുറത്തിറക്കിയ ഉത്തരവിൽ ബന്ധപ്പെട്ട ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും കമ്പനികളും അവരുടെ വെബ്സൈറ്റിൽ നിന്നും അതാത് ഉത്‌പന്നങ്ങളിൽ നിന്നും ഇത്തരം അവകാശവാദങ്ങൾ ഉടൻ പിൻവലിക്കണം എന്ന് ശക്തമായ നിർദ്ദേശമുണ്ട്. ഭക്ഷണ, പാലുൽപാദക കമ്പനികളുടെ അശാസ്‌ത്രീയമായ അവകാശവാദങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്‌പ്പാണ് FASSAIയുടേതെന്ന് ഇന്ത്യൻ ഡയറി അസോസിയേഷൻ പ്രസിഡന്റ് ആർ എസ് സോധി പ്രതികരിച്ചു.