ചിലതരം കീടനാശിനികളുമായുള്ള സഹവാസം പുകവലിക്ക് തുല്യമായ തോതില്‍ കര്‍ഷകരിൽ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന നാല് കീടനാശിനികള്‍ അടക്കം 69 എണ്ണം ഉയര്‍ന്ന അര്‍ബുദ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കയിലെ റോക്കി വിസ്റ്റ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. നോണ്‍-ഹോജ്കിന്‍സ് ലിംഫോമ, ലുക്കീമിയ, മൂത്രസഞ്ചിയിലെ അര്‍ബുദം എന്നിവയെയെല്ലാം കീടനാശിനികളുടെ നിരന്തരമായ ഉപയോഗം സ്വാധീനിക്കുമെന്ന് ഫ്രോണ്ടിയേഴ്സ് ഇന്‍ കാന്‍സര്‍ കണ്ട്രോള് ആന്‍ഡ് സൊസൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 2015 മുതല്‍ 2019 വരെയുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്സ് ഓഫ് ഹെല്‍ത്തിന്റെയും സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെയും ഡേറ്റ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. വിവിധ മേഖലകളില്‍ വളര്‍ത്തുന്ന വിളകളുടെ തരത്തിനനുസരിച്ച് അര്‍ബുദ സാധ്യതകളും വ്യത്യാസപ്പെടുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.