ചികിത്സ തേടിയെത്തിയ യുവാവിന്റെ ആമാശയത്തിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒരുകൂട്ടം ലോഹവസ്തുക്കൾ

അതികഠിനമായ വയറുവേദനയുമായി ചികിത്സ തേടിയെത്തിയ യുവാവിന്റെ ആമാശയത്തിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒരുകൂട്ടം ലോഹവസ്തുക്കൾ. ബിഹാറിലെ ചമ്പാരൺ ജില്ലയിലാണ് സംഭവം. ഇരുപത്തിരണ്ട് വയസ്സുകാരന്റെ ഉദരത്തിൽനിന്ന് താക്കോൽവളയം, ചെറിയ കത്തി, നെയിൽകട്ടർ തുടങ്ങിയ വസ്തുക്കളാണ് ഡോക്ടർമാർ നീക്കിയത്. വയറുവേദന അസഹനീയമായതിനെ തുടർന്ന് വീട്ടുകാരാണ് യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച ശസ്ത്രക്രിയ നടത്തി. യുവാവ് മാനസികരോഗ ചികിത്സയ്ക്ക് വിധേയനായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ അമിത് കുമാർ പ്രതികരിച്ചു. എക്‌സ്-റേ പറിശോധനയിലാണ് യുവാവിന്റെ വയറ്റിൽ ലോഹവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താക്കോൽവളയമാണ് യുവാവിന്റെ ആമാശയത്തിൽനിന്ന് ആദ്യം നീക്കിയത്. തുടർന്ന് രണ്ട് താക്കോൽ, നാലിഞ്ച് നീളമുള്ള കത്തി, രണ്ട് നെയിൽ കട്ടറുകൾ എന്നിവ നീക്കം ചെയ്തു. അടുത്തകാലത്താണ് ലേഹവസ്തുക്കൾ അകത്താക്കുന്ന സ്വഭാവം യുവാവ് ആരംഭിച്ചതെന്ന് ഡോക്ടർ സൂചിപ്പിച്ചു.