സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി, ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരുന്ന ‘Zero-Profit Anti-Cancer Medicine കൗണ്ടറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിലകൂടിയ കാൻസർ മരുന്നുകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണിതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ ഫാർമസികളിലെ ‘Karunya Sparsham –
Zero Profit Anti Cancer Drugs’ പ്രത്യേക കൗണ്ടർ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാർമസികെളെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന എല്ലാ കാരുണ്യ ഫാർമസികളിലുമായി 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും. അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാകും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. കാൻസർ ചികിത്സാ ചെലവ് ചുരുക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പായി ഈ പദ്ധതി മാറുമെന്നും, കാൻസർ രോഗികൾക്ക് വളരെ ആശ്വാസകരമാകുന്ന ഒരു ചുവടുവെയ്പ്പാകും ഇതെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.