ഗുജറാത്തിൽ കൂടുതൽ ജില്ലകളിലേക്ക് ചാന്ദിപുര വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ ഇരുപതുവർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വ്യാപനമാണ് ഇതെന്ന് വിദഗ്ധർ പറയുന്നു. മരിച്ചവരിലേറെയും കുട്ടികളും കൗമാരക്കാരുമാണ്. ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 59 കുട്ടികളെയാണ് ചാന്ദിപുര വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 19 കുട്ടികൾ മരണപ്പെട്ടുവെന്നും ഇവരെല്ലാം ഗുജറാത്ത് സ്വദേശികളാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞമാസം മുപ്പത്തിയെട്ട് കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. പതിനഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളാണ് രോഗബാധിതരിൽ ഏറെയും. മരണനിരക്ക് കൂടുതലായതിനാൽ തന്നെ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്ഥാനിലും ചാന്ദിപുര വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾ രോഗബാധിതരായി മരണപ്പെടുകയും ചെയ്തിരുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് സർക്കാർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.