എംപോക്സിന്റെ അഥവാ മങ്കിപോക്സിന്റെ അതീവ ഗുരുതര വകഭേദം സ്വീഡനിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്സ്മെഡാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് ഈ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്. എംപോക്സിന്റെ ക്ലേഡ് വൺ രൂപാന്തരത്തെ തുടർന്നുള്ള രോഗബാധയാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് രാജ്യത്തിന്റെ പബ്ലിക് ഹെൽത്ത് ഏജൻസി വ്യക്തമാക്കി. രോഗി ആഫ്രിക്കയിലെ നിലവിലെ എംപോക്സ് ബാധിതമായ മേഖല സന്ദർശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന. രോഗിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.