ആർത്തവകാലത്ത് അലർജി പ്രശ്നങ്ങളുമായി കഴിയുന്ന യു.കെ.യിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരിയായ ജോർജിന ജെല്ലിയുടെ വാർത്തയാണ് പുറത്തുവരുന്നത്. ചർമത്തിൽ ചൊറിച്ചിൽ, കണ്ണിന് നീറ്റൽ, തലവേദന തുടങ്ങിയ പ്രശ്നങ്ങളാണ് ആദ്യമുണ്ടായിരുന്നത്. ഏപ്രിലിൽ ഗർഭപാത്രത്തിൽ intrauterine device വച്ചതിനുപുറകെയാണ് ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. അലർജിക് റിയാക്ഷനായിരിക്കുമെന്ന് കരുതി ഡോക്ടർമാർ ജോർജിനയ്ക്ക് സ്റ്റിറോയ്ഡുകൾ നൽകി. തുടക്കത്തിൽ ലക്ഷണങ്ങൾ ഒതുങ്ങിയെങ്കിലും വീണ്ടും അവ വരാൻ തുടങ്ങിയതോടെയാണ് ജോർജിന വിദഗ്ധ ചികിത്സയ്ക്ക് തയ്യാറായത്. എന്നാൽ അലർജി കാഴ്ചയെ ബാധിച്ചതിനൊപ്പം അസഹ്യമായ തലവേദനയും അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് ആർത്തവചക്രവുമായി ബന്ധമുണ്ടോയെന്ന് ജോർജിന ചിന്തിക്കുന്നത്. തുടർന്നു നടത്തിയ പരിശോധനകളിൽ ആണ് പ്രൊജസ്റ്ററോൺ ഹൈപ്പർസെൻസിറ്റിവിറ്റിയാണ് തന്റെ പ്രശ്നമെന്ന് ജോർജിന തിരിച്ചറിഞ്ഞത്. തുടർന്ന് ആർത്തവം താൽക്കാലികമായി നീക്കിവെച്ചുകൊണ്ടുള്ള മരുന്ന് നൽകിയാണ് പ്രൊസജ്റ്ററോൺ ഉത്പാദനത്തിന് തടയിട്ടതെന്ന് ജോർജിന പറയുന്നു. സ്വന്തം ശരീരത്തെ മനസ്സിലാക്കണമെന്നും അത് പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ നിസ്സാരമാക്കരുതെന്നും ജോർജിന പറയുന്നു. നിലവിൽ പ്രൊജസ്റ്ററോൺ ഹൈപ്പർസെൻസിറ്റിവിറ്റിയേക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ജോർജിന.