തൃശൂർ മാളയിൽ വനിത ദന്ത ഡോക്ടർക്ക് നേരെ തെരുവ് നായ ആക്രമണം. അഷ്ടമിച്ചിറ സ്വദേശിയായ ഡോക്ടർ ശ്രീജിത്തിന്റെ ഭാര്യ പാർവതിക്ക് സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ക്ലിനിക്കിൽ നിന്നും പെട്രോൾ പമ്പിന്റെ പുറകുവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന സമയത്താണ് നായ്ക്കൾ കൂട്ടം ചേർന്ന് പാർവതിയെ ആക്രമിച്ചത്. നായ്ക്കൾ വരുന്നത് കണ്ട് ഭയന്നോടുന്നതിനിടെ പാർവതി പുറകിലോട്ട് വീണു. വീണുകിടന്ന ഡോക്ടറെ നായ്ക്കൾ ഇരു തുടകളിലും കൈകളിലും കടിച്ചു. വീഴ്ചയിൽ കൈയ്ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. പമ്പിലെ ജീവനക്കാരെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. തക്ക സമയത്ത് പമ്പിലെ ജീവനക്കാരെത്തിയത് കൊണ്ടാണ് ജീവൻ തിരിച്ച് കിട്ടയതെന്നും തന്റെ സ്ഥാനത്ത് കുട്ടികളോ മറ്റോ ആയിരുന്നുവെങ്കിൽ മരണം വരെ സംഭവിച്ചേക്കുമായിരുന്നുവെന്ന് പാർവതി പറയുന്നു. തെരുവുനായ ആക്രമണം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.