ചെന്നൈയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിക്കു കാൽ നഷ്ടപ്പെട്ടു; സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷൻ തമിഴ്നാട് ആരോഗ്യവകുപ്പ് റദ്ദാക്കി

ചെന്നൈയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിക്കു കാൽ നഷ്ടപ്പെട്ട സംഭവത്തിൽ സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷൻ തമിഴ്നാട് ആരോഗ്യവകുപ്പ് റദ്ദാക്കി. ആദംപാക്കത്തുള്ള ആശുപത്രിയോട് 15 ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശിച്ചു. കാലുവേദനയെ തുടർന്നാണു ചിന്നയ്യയുടെ മകൻ ഹരികൃഷ്ണൻ ആശുപത്രിയിലെത്തിയത്. രക്തയോട്ടവുമായി ബന്ധപ്പെട്ട പ്രശ്നത്തിനു ചികിത്സ ആരംഭിച്ചെങ്കിലും പിന്നീട് കാൽ മുറിച്ചുമാറ്റി. തുടർന്ന് പിതാവ് കേസ് നൽകുകയായിരുന്നു. മതിയായ നഷ്ടപരിഹാരം ആശുപത്രി നൽകിയില്ലെന്നും കുടുംബം പറഞ്ഞു. ചികിത്സയ്ക്കു പിന്നാലെ കാലിൽ കറുപ്പുനിറം പടർന്നിരുന്നതായി ഹരികൃഷ്ണന്റെ മാതാപിതാക്കൾ പറഞ്ഞു. രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാണിത്. ഇതു കണ്ടതോടെ, കാൽ മുറിച്ചു കളയണമെന്നും ഇല്ലെങ്കിൽ ജീവനു ഭീഷണിയാണെന്നും ഡോക്ടർ പറഞ്ഞു. ഇങ്ങനെ ഭയപ്പെടുത്തി വീട്ടുകാരുടെ സമ്മതം വാങ്ങിയാണു കാൽ മുറിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രി പ്രതികരിച്ചു.