ഡെങ്കിപ്പനി ബാധിതർ കൂടിയതോടെ കേരളത്തിലെ രക്തബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് ക്ഷാമമെന്ന് റിപ്പോർട്ട്. രോഗികളുടെ ബന്ധുക്കൾ രക്തബാങ്കുകളിലെത്തി പ്ലേറ്റ്ലെറ്റ് കിട്ടാതെ മടങ്ങുകയാണ്. ഡെങ്കി ബാധിതർക്ക് രക്തത്തിൽ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുമെന്നതിനാൽ ഇവ കയറ്റിയാൽ മാത്രമേ വേഗം സുഖം പ്രാപിക്കൂ. എന്നാൽ ജില്ലയിലെ ബ്ലഡ് ബാങ്കുകളിൽ രക്തം എത്തുന്നത് കുറവായതിനാൽ പ്ലേറ്റ് ലെറ്റ് കിട്ടാനില്ല. സ്വമേധയാ രക്തം ദാനം ചെയ്യുന്നവർ കുറവാണ്. അങ്ങനെ വരുന്നവരിൽ അസുഖങ്ങളുണ്ടെങ്കിൽ രക്തം ശേഖരിക്കാൻ സാധിക്കില്ല. സ്വമേധയാ രക്തം നൽകുന്നവർ കുറഞ്ഞതിനൊപ്പം ചെറുപ്പക്കാർക്കിടയിൽ ടാറ്റൂ സംസ്കാരം വളർന്നതും രക്തദാനത്തിന് തിരിച്ചടിയായതായി ബ്ലഡ് ഡൊണേഷൻ കേരള ജില്ല സെക്രട്ടറി ആർ. സതീഷ് വ്യക്തമാക്കി. ടാറ്റൂ അടിച്ചാൽ ഒരുവർഷം വരെ രക്തദാനം നടത്താനാവില്ല. ബോധവത്കരണ കാമ്പയിനുകൾ നടത്തുന്നുണ്ടെങ്കിലും രക്തദാനത്തിന് താൽപര്യമുള്ളവർ കുറവാണ്. നിലവിൽ എല്ലാ ഗ്രൂപ്പുകളിലുള്ള രക്തത്തിനും ക്ഷാമമുണ്ട്. പ്ലേറ്റ് ലെറ്റുകൾ കയറ്റാൻ വൈകുന്നത് ഡെങ്കിപ്പനി ഭേദമാകാൻ കാലതാമസം ഉണ്ടാക്കും. പ്ലേറ്റ് ലെറ്റിനായി രോഗികളുടെ സമാനഗ്രൂപ്പുള്ള ആളുകളെ തേടി അലയേണ്ട സ്ഥിതിയാണ് എന്നും റിപ്പോർട്ട് പറയുന്നു.