നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വയറുവേദനയ്ക്കു കുത്തിവയ്‌പെടുത്തതിനെത്തുടർന്ന് ആറുദിവസമായി അബോധാവസ്ഥയിലായിരുന്ന യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണ തങ്കപ്പനാണ് മരിച്ചത്. 28 വയസ്സായിരുന്നു. ചികിത്സപ്പിഴവാണ് കൃഷ്ണയുടെ മരണകാരണമെന്നാരോപിച്ച ബന്ധുക്കൾ ഡോക്ടർക്കെതിരേ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു.വിലായിരുന്ന കൃഷ്ണ തങ്കപ്പൻ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മെഡിക്കൽ ബോർഡ് ചേർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന ഉറപ്പിൻമേലാണ് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായത്. വൃക്കയിൽ കല്ലുണ്ടായതിനെത്തുടർന്നുള്ള വയറുവേദനയുമായാണ് കൃഷ്ണ തങ്കപ്പനെ കഴിഞ്ഞ 15-ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്. രാവിലെ 11 മണിയോടെ കുത്തിവയ്പ് നൽകി. തുടർന്ന് കൃഷ്ണയ്ക്കു ശ്വാസംമുട്ട് അനുഭവപ്പെടുകയും ശരീരത്തിന്റെ നിറംമാറുകയും ചെയ്തു. അലർജി ടെസ്റ്റ് നടത്താതെയാണ് കൃഷ്ണയ്ക്ക് കുത്തിവയ്പ് നൽകിയതെന്നാണ് ബന്ധുക്കളുടെ പരാതി. അതേസമയം യുവതി മരിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറയുന്നത്ചി.കിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ്. ശരത് നൽകിയ പരാതിയിലാണ് നടപടി.