രാത്രികാലങ്ങളിൽ മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്ത് സമയം കളയുന്നവരെ കാത്തിരിക്കുന്നത് പ്രമേഹസാധ്യത എന്ന് പഠന റിപ്പോർട്ട്. ഫോണിൽ നിന്നുള്ള വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രമേഹസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ പറയുന്നത്. ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. നാൽപതിനും അറുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള 85,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. രാത്രികാലങ്ങളിൽ കൃത്രിമവെളിച്ചങ്ങൾക്ക് വിധേയരാകുന്ന പത്തുശതമാനംപേരിൽ പ്രമേഹസാധ്യത അറുപത്തിയേഴ് ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. കൃത്രിമവെളിച്ചത്തിന് മുന്നിലിരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ ഉറക്ക പ്രക്രിയയയെ ബാധിക്കുകയും ഇത് ചയാപചയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. മൊബൈൽ ഫോൺ മാത്രമല്ല, ടി.വി.യിൽ നിന്നുള്ള വെളിച്ചം, റീഡിങ് ലാമ്പിൽ നിന്നുള്ള ചെറിയ വെളിച്ചം തുടങ്ങിയവയൊക്കെ പ്രശ്നമാണ്. രാത്രികാലങ്ങളിൽ ഇത്തരം ലൈറ്റുകൾ പരമാവധി നേരത്തേ ഒഴിവാക്കുക എന്നതാണ് ഇതിനുള്ള പരിഹാരമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.