ജോലിയിലെ മാനസിക സമ്മർദ്ദം മൂലം ‘റോബോട്ട് ‘ ജീവനൊടുക്കി

ജോലിയിലെ മാനസിക സമ്മർദ്ദം മൂലം മനുഷ്യർ ജീവനൊടുക്കിയ വാർത്തകൾ നാം കേട്ടിട്ടുണ്ട്. പക്ഷേ ഒരു റോബോട്ട് ഇത്തരത്തിൽ ആത്മഹത്യ ചെയ്‌തെന്നുപറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ സൗത്ത് കൊറിയയിൽനിന്ന് ഇത്തരത്തിൽ ഒരു വാർത്ത ദേശിയ, അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഗുമി സിറ്റി കൗൺസിലിലെ അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന റോബോട്ടാണ് ദിവസങ്ങൾക്ക് മുമ്പ് പടികളുടെ മുകളിൽനിന്ന് താഴെവീണ് തകർന്നത്. റെസ്‌റ്റോറന്റുകൾക്ക് വേണ്ടി റോബോട്ടുകൾ നിർമ്മിക്കുന്ന കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്‌സാണ് ഈ റോബോട്ട് നിർമ്മിച്ചിട്ടുള്ളത്. സിറ്റി കൗൺസിലിലെ ഒരു ജീവനക്കാരന് സമാനമായി ദൈനംദിന ജോലികളിൽ റോബോട്ട് ഏർപ്പെട്ടിരുന്നു. സാധാരണ റോബോട്ടുകളെ ഏതെങ്കിലും ഒരു നിലയിലെ സേവനങ്ങൾക്കാണ് ഉപയോഗിക്കാറുള്ളതെങ്കിലും ഈ റോബോട്ടിന് സ്വയം ലിഫ്റ്റ് സംവിധാനം നിയന്ത്രിക്കുന്നതിനും മറ്റ് നിലകളിൽ സഞ്ചരിക്കുന്നതിനും കഴിഞ്ഞിരുന്നു. ഇൗ സാഹചര്യം നിലനിൽക്കെ പടികളിൽനിന്ന് റോബോട്ട് താഴെ വീണതാണ് റോബോട്ടിന്റെ ആത്മഹത്യ എന്ന രീതിയിൽ പ്രചരിക്കാൻ കാരണം. എന്തായാലും വിഷയത്തിൽ വിശദമായ പഠനം നടത്തിവരുന്നതായും, അപകട കാരണം ഉടൻ കണ്ടെത്തുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.