സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞദിവസം മാത്രം നാല് പനിമരണങ്ങൾ റിപ്പോർട്ട് ചെയ്യിതു. കൂടാതെ 13,511 പേർ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. 99 പേർക്ക് ഡെങ്കിപ്പനിയും 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. തുടർച്ചയായി പെയ്ത മഴ ശമിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും പകർച്ചവ്യാധികൾ വ്യാപകമായത്. പകർച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യവകുപ്പ് റാപ്പിഡ് റസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചു. ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ജില്ലകളിൽ രൂപീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ എലിപ്പനി, ഡെങ്കിപ്പനി, ചെള്ളുപനി തുടങ്ങിയവ ബാധിച്ച് 168 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. കൂടാതെ വിവിധ രോഗങ്ങളിലായി 176 പേർ മരിച്ചതായും കണക്കുകളിലുണ്ട്. ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ കൊതുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴുവാക്കുക, കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിദ്ദേശിച്ചു. വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളായതിനാൽ സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്.